Wednesday, July 02, 2008

അച്ചുകുട്ടനും മുറിവാലന്‍ പൂച്ചയും

ഇക്കൊല്ലം അച്ചുകുട്ടനെ സ്കൂളില്‍ ചേര്‍ത്തു.അച്ചുകുട്ടനു പുതിയ ബാഗും കുടയും സ്ലേറ്റും ഒക്കെ വാങ്ങി. അച്ചന്റെ കൂടെയാണ് അവന്‍ സ്കൂളില്‍ പോയത്.അവനെ ക്ലാസിലാക്കി അച്ഛന്‍ തിരിച്ചു പോന്നു.റ്റീച്ചര്‍ ഒരുപാട് കഥകളൊക്കെ പറഞ്ഞു കൊടുത്തു..അച്ചുകുട്ടനു കഥയൊക്കെ നല്ലതു പോലെ ഇഷ്ട്ടായി. റ്റീച്ചര്‍ കുട്ടികളോടു ആഹാരം കഴിക്കാന്‍ പറഞ്ഞു.

അച്ചുകുട്ടന്‍ ഭക്ഷണത്തിനു ശേഷം മിച്ചം വന്ന ആഹാരം കളയാന്‍ പോയി. അവിടെ നിറയെ കാക്കകളും പൂച്ചകളും ഉണ്ടായിരുന്നു. അവന്‍ അവിടെ ഒരു പൂച്ച കുട്ടിയെ തന്നെ ശ്രദ്ധിച്ചു കൊണ്ടു നിന്നു. മറ്റു പൂച്ചകളൊന്നും അവനെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കുനില്ല. ആ പൂച്ചയെ അവിടെ നിന്നും എല്ലാരും ഓടിക്കുകയാണു. അതു കണ്ടിട്ടു അച്ചു കുട്ടനു സഹതാപം തോനി. പെട്ടന്നാണു അവനൊരു കാര്യം ശ്രദ്ധിച്ചത്. ആ പൂച്ചയുടെ വാലു പകുതിയോളം മുറിഞ്ഞു പോയിട്ടുണ്ട്. അവന്‍ തന്റെ ഭക്ഷണതിന്റെ വേസ്റ്റ്‌ ആ പൂച്ചക്കു മാത്രമായി നല്‍കി. പൂച്ച കൊതിയോടെ ആ ഭക്ഷണം മുഴുവന്‍ കഴിച്ചു. പിറ്റേന്നും അച്ചുകുട്ടന്‍ തന്റെ ഭക്ഷണതിന്റെ പകുതി ഭാഗം ആ പൂച്ചക്കു കൊടുത്തു. അങ്ങനെ അച്ചു കുട്ടന്‍ പൂച്ചക്കു ഭക്ഷണം കൊടുക്കല്‍ പതിവായി. പൂച്ചയും അച്ചു കുട്ടനും നല്ല കൂട്ടുകാരായി മാറി. അച്ചു കുട്ടന്‍ പൂച്ചയെ മുറിവാലന്‍ എന്നാണു വിളിക്കാറുള്ളതു. അച്ചുകുട്ടന്‍ പൂച്ചയോടു തന്റെ വീട്ടിലുള്ള എല്ലാ വിശേഷങ്ങളും പങ്കു വെക്കുന്നതും പതിവാക്കി.

ഒരു ദിവസം പൂച്ച സങ്കടത്തോടെയാണു വന്നത്. അച്ചു കുട്ടന്‍ കാര്യം തിരക്കി. പൂച്ച പറഞ്ഞില്ല. അച്ചു കുട്ടന്‍ നിര്‍ബന്ധിച്ചപ്പോള്‍പൂച്ച വിവരം പറഞ്ഞു.

" ഞാന്‍ എന്നും കിടക്കാറുള്ള വീട്ടില്‍ നിന്ന്‌ അവരെന്നെ ഓടിച്ചു. ഇനി അങ്ങോട്ടു ചെന്നാല്‍ അവരെന്നെ കൊല്ലും എന്നാണു പറഞ്ഞത്"

പൂച്ച പറഞ്ഞതു കേട്ടു അച്ചു കുട്ടനു സങ്കടം വന്നു. അച്ചു കുട്ടന്‍ പറഞ്ഞു " നീയിനി എവിടേയും പോകണ്ട, ഇനി നീ എന്റെ വീട്ടില്‍ വന്നു താമസിച്ചോളൂ."

ആദ്യം മുറിവാലന്‍ സമ്മതിച്ചില്ലെങ്കിലും അച്ചു കുട്ടന്‍ നിര്‍ബന്ധിച്ചപ്പോള്‍ സമ്മതിച്ചു. അവരങ്ങനെ അച്ചു കുട്ടന്റെ വീട്ടിലേക്കു നടന്നു. അച്ചു മുറിവാലനേയും കൊണ്ടു വരുന്നതു കണ്ടിട്ട് അച്ഛനു ദേഷ്യം സഹിക്കാനായില്ല.

"എന്തിനാണീ പൂച്ചയെ കൊണ്ടു വന്നതു? ഇതിനെയൊക്കെ വളര്‍ത്തിയാല്‍ പിന്നീട് നമുക്കു ശല്യമായിരിക്കും" അച്ചുകുട്ടന്‍ എന്തോ പറയാന്‍ ഒരുങ്ങിയപ്പോള്‍ അച്ഛന്‍ പറഞ്ഞു: " നീയിനി ഒന്നും മിണ്ടണ്ട"
അച്ചുകുട്ടനു സങ്കടം സഹിക്കനായില്ല. അച്ഛന്‍ വേഗം മുറിവാലനെ ആട്ടി ഓടിച്ചിട്ടു അകത്തേക്ക് പോയി. അച്ഛന്‍ പോയി എന്നുറപ്പ് വരുത്തിയതിനു ശേഷം അച്ചു കുട്ടന്‍ മുറിവാലനെ ഉറക്കെ വിളിച്ചു. മുറിവാലന്‍ ഓടി വന്നു. അച്ചുകുട്ടന്‍ പറഞ്ഞു. " നീ തല്‍ക്കാലം ഞങ്ങളുടെ തൊഴുത്തില്‍ താമസിച്ചോളൂ. അച്ഛന്‍ നിന്നെ കാണെണ്ട, നമുക്കു സാവധാനത്തില്‍ പറഞ്ഞു മനസ്സിലാക്കാം".

അങ്ങനെ മുറിവാലന്‍ പൂച്ച തൊഴുത്തില്‍ താമസം തുടങ്ങി. ഒരു ദിവസം അച്ഛന്‍ തൊഴുത്തിലേക്കു ചെന്നു. അവരുടെ ഒരാടിനെ കാണാന്‍ ഇല്ല. അച്ചുകുട്ടന്റെ അച്ഛന്‍ വേഗം അവന്റെ അമ്മയെ വിളിച്ചു. അമ്മയും ആടിനെ കാണാഞ്ഞിട്ടു വിഷമിച്ചു. പിറ്റേന്നും ഇതേ സംഭവം തന്നെ ഉണ്ടായി. വേറൊരാടിനെ കാണാനില്ല. അവരുടെ ആടിനെ മോഷ്ടഇക്കുന്ന കള്ളനെ പിടിക്കണമെന്നു അച്ചുകുട്ടന്റെ അച്ഛനു വാശിയായി. എത്ര ശ്രമിച്ചിട്ടും അതിനു കഴിഞ്ഞില്ല.

മുറിവാലന്‍ ഇതെല്ലാം കാണുന്നുണ്ടായിരുന്നു.കള്ളനെ പിടിക്കണമെന്നു അവനും വാശിയായി. അങ്ങനെ കള്ളനെ പിടിക്കാന്‍ അവന്‍ രാത്രിയില്‍ ഉറങ്ങാതെ കിടന്നു. പാതിരാത്രി ആയപ്പോള്‍ തൊഴുത്തിലേക്കു ആരോ വരുന്ന കാലൊച്ച കേട്ടു. മുറിവാലന്‍ ശ്രദ്ധിച്ചു നോക്കി. ഒരു കുറുക്കന്‍.ഒരാടിനെ കൊണ്ടു പോകാനുള്ള നീക്കങ്ങള്‍ അവന്‍ നടത്തുകയാണു, അച്ചുകുട്ടന്റെ വീട്ടുകാര്‍ ഇതൊന്നും അറിയുന്നില്ല. അവന്‍ വേഗം വീടിന്റെ പിന്‍ വശത്തു കൂടി അച്ചുകുട്ടന്‍ കിടന്നിരുന്ന റൂമിന്റെ ജനാലയില്‍ മുട്ടി വിളിച്ചു. അച്ചു കുട്ടന്‍ ഉണര്‍ന്നു. ആദ്യം ഭയം തോനിയെങ്കിലും ഒടുവില്‍ അവന്‍ മനസ്സില്ലാ മനസ്സോടെ ജന്നല്‍ തുറന്നു.മുറിവാലനെയാണ് അവന്‍ കണ്ടത്.

അച്ചുകുട്ടന്‍ വേഗം ഈ വിവരം അവന്റെ അച്ഛനെ അറിയിച്ചു. അച്ഛന്‍ വാതില്‍ തുറന്നു തൊഴുത്തിലേക്ക് പതുങ്ങി ചെന്നു. ഒരു കുറുക്കന്‍ ആടിനെ കൊണ്ടു പോകാന്‍ തുടങ്ങുന്നതാണു കണ്ടത്. അമ്മ വേഗം പോയി ഒരു മുള വടിയെടുത്തു അച്ഛന്റെ കയ്യില്‍ കൊടുത്തു. അച്ഛന്‍ പതുങ്ങി ചെന്നു വടി കൊണ്ടു കുറുക്കനെ അടിക്കാന്‍ തുടങ്ങി. കുറുക്കന്റെ ശബ്ദം കേട്ടു അയല്‍വക്കത്തുള്ളവരെല്ലാം ഉണര്‍ന്നു. അവര്‍ വടിയുമെടുത്തു കുറുക്കനെ തല്ലാന്‍ തുടങ്ങി. കുറുക്കന്‍ അവരുടെ ഇടയില്‍ നിന്നും ഓടി രക്ഷപെട്ടു.

ആ ഓട്ടം കണ്ടു അച്ചുകുട്ടന്‍ പൊട്ടി ചിരിച്ചു.

കള്ളനെ കാണിച്ചു തന്ന മുറിവാലനോടു അച്ചുകുട്ടന്റെ അച്ഛന്‍ നന്ദി പറഞ്ഞു. ആട്ടി ഓടിച്ചതിനു ക്ഷമ ചോദിക്കുകയും ചെയ്തു.അവര്‍ക്കെല്ലാവര്‍ക്കും സന്തോഷമായി.അച്ചുകുട്ടന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു.പിന്നിടുള്ള കാലം മുറിവാലന്‍ അച്ചുകുട്ടന്റെ കുടുംബത്തോടൊപ്പം സുഖമായി ജീവിച്ചു.

(കഥ എഴുതി അയച്ച അച്ചുകുട്ടന്റെ അമ്മയ്ക്ക് പ്രത്യേക നന്ദി.സെപ്റ്റംബറില്‍ സ്കൂളില്‍ പോകാന്‍ കാത്തിരിക്കുന്ന അച്ചു കുട്ടന് വല്യമ്മായിയുടെ പ്രാര്‍ത്ഥനകളും ആശംസകളും.)

Saturday, June 28, 2008

കൊച്ചുപൂച്ച-ആംഗ്യഗാനം

കൊച്ചുപൂച്ചേ കണ്ടിടുമ്പോള്‍ എന്ത് കൗതുകം!
നീണ്ട വാലും കുറിയ ചെവിയും കൂര്‍ത്ത
നഖങ്ങളുംപിന്നെ രണ്ട് ഉരുണ്ട കണ്ണും കൊമ്പന്‍
മീശയുംഎലിയെ കണ്ടാല്‍
പാത്ത് പതുങ്ങി
പമ്മി നടന്ന് ചാടി വീണ്
കടിച്ച് മുറിച്ച് തിന്നിടും!


സമര്‍‌പ്പണം:ഇരുപത്തിയഞ്ചോളം വര്‍ഷങ്ങളായി കരൂപ്പാടത്തെ കുഞ്ഞുങ്ങളെ ഇത് പഠിപ്പിക്കുന്ന അംഗന്‍‌വാടിയിലെ സുജാതടീച്ചര്‍ക്ക്.

Thursday, December 27, 2007

ബെര്‍ത്ത്‌ഡേ ബോയ്സ്





മുത്തുട്ടനും പൊന്നുട്ടനും ഇന്ന് ഒരു വയസ്സ് തികയുന്നു;ഈ ബ്ലോഗിനും.


ഇവരുടെ ജീവിത വഴിയില്‍‌ സര്‍‌വ്വേശ്വരന്‍ സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും പ്രകാശം ചൊരിയട്ടെ!

Saturday, May 12, 2007

മുത്തുട്ടന് ഒരു കുഞ്ഞിപ്പാട്ട്

മുറ്റത്തെ മാങ്കൊമ്പില്‍
ചാഞ്ചക്കമാടുന്ന
സുന്ദരി മൈനകളെ

തെങ്ങോലതുമ്പത്ത്
ഊഞ്ഞാലാടുന്ന
കുഞ്ഞിക്കുരുവികളേ

മുത്തുട്ടന്റൊപ്പം
മണ്ണപ്പം ചുടാന്‍
നിങ്ങളും കൂടാമോ

Saturday, May 05, 2007

മുത്തുട്ടനും പൊന്നുട്ടനും-പുതിയ പടങ്ങള്‍


മുത്തുട്ടന്‍(ആമിര്‍)

പൊന്നുട്ടന്‍(ആസിം)



മുത്തുട്ടനും തറവാടി മാമയും

Wednesday, December 27, 2006

ഒരു സന്തോഷ വാര്‍ത്ത

ബൂലോകരോടൊപ്പം എന്നെ “വല്യമ്മായിയേ” എന്നു നീട്ടി വിളിക്കാന്‍ അവരെത്തി.എന്റെ ഏകസഹോദരന്‍ ഫാഹദിനും ഭാര്യ ഷാബിതയ്ക്കും ഇന്ന് ഉച്ച തിരിഞ്ഞ് ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ പിറന്ന സന്തോഷം എല്ലാ ബൂലോകരുമായി പങ്ക് വെക്കുന്നു.
അവരെ നല്ല മനുഷ്യരാക്കി വളര്‍ത്തണമേയെന്ന് സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കുന്നു.